കുഴൽ കിണർ നിർമ്മാണത്തിന്മാത്രമല്ല, സാധാരണ കിണർ നിർമാണത്തിനും പഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യമാണ്.
കിണർ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അപ്പന്റിക്സ് A ഫോറത്തിൽ, സൈറ്റ് പ്ലാനും, ഉടമസ്ഥ അവകാശ രേഖകളും സഹിതം പഞ്ചായത്തിന് അപേക്ഷ നൽകണം. കിണറിന് റോഡ് അല്ലാത്ത വശങ്ങളുടെ അതിരിൽ നിന്നും 1.20 മീറ്റർ അകലം ഉണ്ടായിരിക്കണം. കുഴൽക്കിണർ നിർമ്മിക്കുന്നതിന് ഭൂഗർഭ ജല വകുപ്പ് അനുമതിയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്.(Kerala Panchayat Building Rules Sections 91 to 93).
നിലവിൽ അയൽവാസിയുടെ കിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 7.5 മീറ്റർ ദൂരത്തു മാത്രമേ സെപ്റ്റിക് ടാങ്ക്, waste pit, sock pit എന്നിവ നിർമ്മിക്കുവാൻ അനുമതി ലഭിക്കുകയുള്ളൂ.
കുഴൽ കിണർ നിർമ്മിക്കുവാനുള്ള അനുമതി ഭൂഗർഭജല വകുപ്പിൽ നിന്നും ലഭിക്കുന്ന ദിവസം തന്നെ പഞ്ചായത്ത് സെക്രട്ടറിയും അനുമതി കൊടുക്കേണ്ടതാണ്.(Kerala Panchayat Building Rules Section 75).
കിണർ നിർമ്മിക്കുവാൻ ലഭിക്കുന്ന അനുമതിയുടെ കാലാവധി മൂന്നു വർഷം മാത്രമാണ്.
കിണർ നിർമ്മാണം മുഴുവനാക്കിയതിനു ശേഷം വിവരം സെക്രട്ടറിയെ രേഖാമൂലം എഴുതി അറിയിക്കണം.
കുഴൽക്കിണർ(borewell)
ഭൂഗർഭജലം ശേഖരിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന കുഴൽരൂപത്തിലുള്ള കിണറാണ് ബോർവെൽ അഥവാ കുഴൽക്കിണർ. ഭൂമിക്കടിയിലെ പാറക്കെട്ടുകളിൽ വെളളത്തിന്റെ ഒഴുക്കുണ്ട്. മണ്ണിലെ നീരുറവകളേക്കാൾ ശുദ്ധമാണ് ഈ ജലം. ഇത്തരം പാറക്കെട്ടുകൾ തുരന്നാണ് കുഴൽക്കിണറുകൾ നിർമ്മിക്കുന്നത്. മണ്ണിന്റെ പ്രതലവും കഴിഞ്ഞ് പാറയ്ക്കുളളിലേക്ക് രണ്ട് മീറ്റർ ആഴത്തിൽ പിവിസി പൈപ്പ് ഇടും. മണ്ണിലെ നീരുറവകൾ കുഴൽക്കിണറിൽ എത്താതിരിക്കാനാണിത്.
കുഴൽക്കിണറിൽ നിന്ന് ജലം ശേഖരിക്കുന്നു
പാറയില്ലാത്ത കടലോര പ്രദേശങ്ങളിൽ കുഴൽക്കിണർ നിർമ്മിക്കാൻ സാധിക്കില്ല. ഇവിടെ ‘ട്യൂബ് വെൽ’ ആണ് അഭികാമ്യം. മണലിലൂടെ ആഴത്തിലേക്ക് പൈപ്പ് ഇറക്കിയാണ് ട്യൂബ് വെൽ നിർമ്മിക്കുന്നത്.
വെളളത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി സർവേ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി വിദഗ്ദ്ധരായ ജിയോളജിസ്റ്റുകളുണ്ട്. ലഭ്യമാകുന്ന വെളളത്തിന്റെ ഏകദേശ അളവും സർവേയിലൂടെ മനസ്സിലാക്കാൻ സാധിക്കും. മണിക്കൂറിൽ 500 മുതൽ 50000 ലീറ്റർ വരെ വെളളം ലഭ്യമാകുന്ന കുഴൽക്കിണറുകൾ ഉണ്ട്.യന്ത്രസഹായത്തോടെ നാലേമുക്കാൽ ഇഞ്ച്, ആറര ഇഞ്ച് വ്യാസം എന്നിങ്ങനെ രണ്ട് അളവുകളിലാണ് കുഴൽക്കിണറിന്റെ നിർമ്മാണം.
ജലശേഖരണം
ഹാൻഡ്പമ്പ് ഉപയോഗിച്ചോ മോട്ടോർ ഉപയോഗിച്ചോ കുഴൽക്കിണറിൽ നിന്ന് ജലം ശേഖരിക്കാം.
നിയന്ത്രണം
വരൾച്ചയെ പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിച്ച് നിർത്തുന്നതിനുമായി കുഴൽക്കിണർ കുഴിക്കുന്നതിന് ചില സന്ദർഭങ്ങളിൽ കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്(3). ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34(J)പ്രകാരമാണ് ഉത്തരവ്(4). ഭൂഗർഭജല വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അനുമതിയോട് കൂടി മാത്രമേ കുഴൽക്കിണറുകൾ നിർമ്മിക്കാൻ പാടുള്ളുവെന്നാണ് ചട്ടം(5).
പൊതു കുടിവെള്ള സ്രോതസ്സുകളിൽനിന്ന് 30 മീറ്ററിനുള്ളിൽ പുതിയതായി കുഴൽക്കിണർ നിർമ്മിക്കാൻ പാടില്ല(6). കുഴൽക്കിണർ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂർണമായ മേൽവിലാസം, നിർമ്മാണസ്ഥലം, സർവേ നമ്പർ, എന്ത് ആവശ്യത്തിനാണ് നിർമ്മിക്കുന്നത് എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ച അപേക്ഷ പ്രഞ്ചായത്ത്/മുനിസിപ്പൽ/കോർപറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കണം. അപേക്ഷ ലഭിച്ച് രണ്ടുദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളള ആവശ്യത്തിന് വേണ്ടി മാത്രമാണ് കുഴൽക്കിണർ നിർമ്മിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ വാട്ടർ കണക്ഷനോ പൊതുകുടിവെളള സ്രോതസ്സോ ഇല്ല എന്നും ഉറപ്പുവരുത്തിയശേഷം അനുമതി നൽകും. കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികൾ ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. കുഴൽക്കിണർ നിർമിച്ച ശേഷം അതിലെ വെളളം കച്ചവടം ചെയ്യപ്പെടുന്നതായോ, ദുരുപയോഗമോ, അമിതമായ തോതിലുളള ജല ചൂഷണമോ ശ്രദ്ധയിൽപ്പെട്ടാൽ പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അധികാരമുണ്ടാകും.
കുഴൽക്കിണർ അപകടങ്ങൾ
ജല ലഭ്യതയില്ലാത്തതുമൂലം ഉപേക്ഷിക്കപ്പെടുന്ന കുഴൽക്കിണറുകൾ പലതും അപകടം ഉണ്ടാക്കാറുണ്ട്. പലപ്പോഴും കുട്ടികളാണ് ഇവയിൽ അകപ്പെടുന്നത്.